എംവിഡിയെ പറ്റിക്കാൻ പല തലതിരിഞ്ഞ പണികളും കാണിക്കാറുണ്ട് ചില വിരുതന്മാർ! ചിലരെ കയ്യോടെ പൊക്കുകയും ചെയ്യും! ഇത്തവണ പൊക്കിയത് എഐ ക്യാമറയാണ്.
ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച എംവിഡി കുറിച്ചത് രസകരമായ കമന്റാണ്. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ലെന്നാണ് എംവിഡി പറയുന്നത്. ഹെൽമെറ്റ് വെയ്ക്കാത്തതിന് കാണിച്ച കുരുട്ടുബുദ്ധിയാണ് ജാക്കറ്റിൽ തലയിട്ടതെന്ന് സാരം!!
പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂവെന്ന ഗുണപാഠം കൂടി എംവിഡി തരുന്നുണ്ട്. ഈ വിരുതന് എട്ടിന്റെ പണിയും കിട്ടിയിട്ടുണ്ട്. വാഹനങ്ങളിലെ കാലിന്റെ എണ്ണത്തിൽ പിശകുണ്ടെന്ന് കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
എംവിഡി പങ്കുവെച്ച കുറിപ്പ് ഒന്ന് നോക്കിയാലോ?
പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.
തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല……. പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.
കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്.
തല കുറച്ച് കാറ്റ് കൊള്ളട്ടെ..
അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?