ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം വന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ. വീട്ടിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മൻ മാത്രം മതിയെന്ന് ഉമ്മൻ ചാണ്ടി തന്നെയാണ് പറഞ്ഞത്. ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എങ്കിലും അർഹിക്കുന്ന പദവികൾ പോലും ചാണ്ടിക്ക് ഉമ്മൻ ചാണ്ടി നൽകിയിരുന്നില്ല. അച്ചു ഉമ്മനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മറിയാമ്മ പറഞ്ഞു.
അതേസമയം തന്റെ മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. മക്കൾ പാർട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോൾ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനിൽ ആൻറണിയും പത്മജയും ബിജെപിയിലേക്ക് പോയത് വിഷമിപ്പിച്ചുവെന്നും അനിൽ ആൻറണി പോയതാണ് കൂടുതൽ വിഷമിപ്പിച്ചതെന്നും, എന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു.
താനും അനാരോഗ്യം വകവെക്കാതെ ഇത്തവണ പ്രചാരണത്തിനായി ഇറങ്ങും. മക്കളും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകും. അതൊന്നും ഉമ്മൻചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാമെന്നും മറിയാമ്മ പറയുന്നു.