അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവിട്ടു. വിവിധ മേഖലകളിലെ പ്രമുഖർക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
സിനിമാ രംഗത്തുനിന്ന് അമിതാഭ് ബച്ചൻ, രജനികാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണ് പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണമുള്ളത്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിൽ നിന്ന് നടൻ മോഹൻലാലിനും അമൃതാനന്ദമയിക്കും ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ക്ഷണക്കത്ത് ലഭിച്ചേക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. താൽക്കാലിക ക്ഷേത്രത്തിൽ നിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കാൽനടയായി ശ്രീരാമ വിഗ്രഹം വഹിക്കുന്നത് പ്രധാനമന്ത്രി ആയിരിക്കുമെന്നും സൂചനയുണ്ട്.