കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറിയും മൃതദേഹവും ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി നടി മഞ്ജു വാര്യർ. മരിച്ചെന്നോർത്ത് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ, ഇനിയെന്നും അർജുൻ മലയാളികളുടെ മനസിൽ ജീവിക്കുമെന്നാണ് മഞ്ജു കുറിച്ചത്.
‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും ഇന്ന് പുഴയിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്.
അർജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്‌പി വ്യക്തമാക്കി. മൂന്നാം ഘട്ടത്തിലുള്ള തിരച്ചിലിൽ ഡ്രഡ്‌ജിങ് നടത്തിയാണ് ലോറി പുഴയിൽ നിന്ന് കണ്ടെടുത്തത്. അർജുൻ ഓടിച്ചിരുന്ന ലോറിയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തു.