നഴ്സിംഗ് പഠനം പൂർത്തിയായ ഏതൊരു വിദ്യാർത്ഥിയുടെയും മോഹം വിദേശത്ത് പോയി ജോലി ചെയ്യണമെന്നതാണ്. ബി എസ് സി പഠനം പൂർത്തിയാക്കി. ആഗ്രഹിച്ചതുപോലൊരു ജോലി യുകെയിൽ നേടി. അങ്ങനെ വിദേശത്തേക്ക് പോകേണ്ട ദിവസം നെടുമ്പാശ്ശേരി വിമാത്താവളത്തിലെത്തി.
ഹരിപ്പാട്, പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രന്റെ (24) ആഗ്രഹവും ജീവിതയാത്രയും അവിടം കൊണ്ട് അവസാനിക്കുകയായിരുന്നു. യു.കെയിൽ ജോലി ലഭിച്ചതിനെ തുടർന്ന് സൂര്യ ഞായറാഴ്ച രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്രയായിരുന്നു. അവിടെ എത്തുന്നതിന് മുമ്പായി രണ്ടു പ്രാവശ്യം സൂര്യ വഴിമധ്യേ ഛർദ്ദിച്ചിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ കയറി ചികിത്സയും തേടിയിരുന്നു. പിന്നീട് വിമാനത്താവളത്തിലെത്തി ചെക്ക് ഇൻ ചെയ്യാൻ നിൽക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാന്നാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടയിൽ തിങ്കളാഴ്ച രാവിലെ 10.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു, വീട്ടിൽ നിന്ന് ഇറങ്ങിയ സമയത്ത് സമീപത്തെ വീട്ടിലുണ്ടായിരുന്ന അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു സൂചിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനും ആന്തരീകാവയവങ്ങളുടെ പരിശോധനയ്‌ക്കും ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ് കുമാര്‍ പറഞ്ഞു.