ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. പതിറ്റാണ്ടിനുശേഷം കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റമുട്ടുന്നുവെന്ന പ്രത്യേകതയാണ് ഉള്ളത്. എൽഡിഎഫ് നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടു പോകുന്നതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി ഉണ്ടായിരുന്നു, ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചരണ പ്രവർത്തനം തുടങ്ങിയത് ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിരുന്നു,
എന്നാൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ചിത്രം തെളിയുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് നേതാവ് ഫ്രാൻസിസ് ജോർജ്ജാകും കോട്ടയത്തെ സ്ഥാനാർഥി. ഫ്രാൻസിസ് ജോർജിന്റെ പേര് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. എല്‍.ഡി.എഫ് സിറ്റിങ് എം പി യായ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി. കെ.എം.മാണി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന നേതാവെന്ന സ്വീകാര്യത തോമസ് ചാഴികാടനും കേരള കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായ കെഎം ജോർജിന്റെ മകൻ എന്ന സ്വീകാര്യത ഫ്രാൻസിസ് ജോർജിനുമുണ്ട്.
44 വർഷത്തിനുശേഷമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. 1980ലെ തിരഞ്ഞെടുപ്പിലാണു കേരള കോൺഗ്രസ് മാണിയും ജോസഫും ഏറ്റവുമൊടുവിൽ പരസ്പരം മത്സരിച്ചത്. അന്ന് വിജയം നേടിയത് സിറ്റിങ് കേരള കോൺഗ്രസ് എമ്മിന്റെ ജോർജ് ജെ.മാത്യുവായിരുന്നു, ഇത്തവണ കോട്ടയം ആർക്കൊപ്പം നിൽക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.