കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരിൽ രണ്ട് പേരെ വിട്ടയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ഇവർക്ക് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. കാർ വാഷിംഗ് സെൻററിൽ നിന്ന് നോട്ട് കെട്ടുകൾ പിടിച്ചെടുത്തെന്നിരുന്നു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിലെ രണ്ട് പേരെയാണ് വിട്ടയച്ചത്. ഇവരിൽ നിന്ന് പിടികൂടിയ പണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ഓയൂരിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുട്ടിയെ കണ്ടെത്താനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.