നെടുമ്പാശേരി വിമാനത്താവള യാത്രക്കാർക്ക് അധികൃതർ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. ആലുവ മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ ആദ്യ ആഴ്ച വരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചിരിക്കുന്നത്.
അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കാലടിയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവർക്കാണ് മുന്നറിയിപ്പ്.
മംഗലപ്പുഴ പാലം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഭാര വാഹനങ്ങൾ കാലടി, പെരുമ്പാവൂർ വഴി തിരിച്ചു വിടുകയാണ്. ഇതു പൊതുവേ ഗതാഗതക്കുരുക്കുള്ള കാലടിയിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് വിമാനത്താവള അധികതർ മുന്നറിയിപ്പ് നൽകിയത്.