മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് ഹൈക്കോടതി അനുവദിച്ചത്.
വിമാനത്തില്‍ മുദ്രാവാക്യം വിളി മാത്രമേ നടന്നിട്ടുള്ളുവെന്നും അതിനാൽ വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് തവണ മുദ്രാവാക്യം വിളിക്കുകയാണുണ്ടായയെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതികളുടെ അഭിഭാഷകന്‍ ഈ വാദങ്ങൾ ഉന്നയിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ അറിയിച്ചു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതിഷേധക്കാരെ മര്‍ദിച്ച് താഴെയിടുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്തുവരികയും ചെയ്തു.