യുവനടിയുടെ പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ വിജയ് ബാബു ഈ മാസം 30ന് കൊച്ചിയിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു. കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി അഭിഭാഷകൻ പറഞ്ഞു. കൂടാതെ യാത്രാരേഖകളും അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരാക്കി. മുഴുവൻ രേഖകളും നാളെ ഹാജരാക്കാമെന്നും പ്രതിഭാഗം ഹൈക്കോടതിയെ അറിയിച്ചു. കോടതി നാളെ കേസ് പരിഗണിക്കും.
മെയ് 30ന് ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു എത്തുക. മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപ് തന്നെ ദുബായിലേക്ക് രക്ഷപെട്ട വിജയ് ബാബു അവിടെ നിന്നും ജോർജിയയ്ക്ക് ആണ് പോയത്.
കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ എന്നുള്ളത് കൊണ്ടാണ് വിജയ് ബാബു അവിടേക്ക് കടന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു.