കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോൺഗ്രസിന്റേതല്ലെന്നും ഇത്തരമൊരു നിലപാട് സ്വീകരിച്ചപ്പോൾ പാർട്ടിയോട് ആലോചിക്കാത്തതിൽ ഹൈബി ഈടനെ അസംതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
‘കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് തന്നെയാണ് നല്ലത്. കൊച്ചിയിൽ അതിനുതക്ക സൗകര്യങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചയും ഇവിടെ അവസാനിപ്പിക്കുന്നു. ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഇനി ഹൈബി അതുമായി മുന്നോട്ടുപോകില്ല’ വി.ഡി. സതീശൻ പറഞ്ഞു.
പാർട്ടിയോട് ആലോചിക്കാതെ ഹൈബി ഈഡൻ തലസ്ഥാനം മാറ്റണമെന്ന സ്വകാര്യ ബിൽ അവതരിപ്പിച്ചത് ശരിയായ നിലപാടല്ലെന്ന് കെ. മുരളീധരനും പറഞ്ഞു. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്ന പ്രശ്നമില്ല. ഹൈബി എന്തുകൊണ്ട് ഇങ്ങനെ നിലപാട് സ്വീകരിച്ചെന്ന് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു. ഇതിനിടെ ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് ശശി തരൂരും ട്വീറ്റ് ചെയ്തു.