തൃക്കാക്കരയിൽ വോട്ടെടുപ്പ് പൂർണം. വോട്ടിങ് അവസാനിക്കുമ്പോൾ 68.64% പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയർന്നത് മൂന്ന് മുന്നണികളെയും വലിയ പ്രതീക്ഷയിലാക്കിയിട്ടുണ്ട്.
ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്നാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രതികരിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പൊന്നുരുന്നി വാർഡ് 66ൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പ്രിസൈഡിംഗ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നത്. മുംബൈയിലുള്ള സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്.
ആൽബിന് സിപിഐഎം ബന്ധമുള്ളതായി പോലീസ് പറഞ്ഞിരുന്നു.
വ്യാജ ഐഡി കാർഡ് നിർമ്മിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഒരു ഐഡി കാർഡ് മാത്രമായി നിർമ്മിക്കില്ലെന്നും അതുകൊണ്ട് തന്നെ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി ഡി സതീശൻ ആരോപിക്കുന്നു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്നും തൃക്കാക്കരയിൽ അത് നടക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. വി ഡി സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇപി ജയരാജൻ പരിഹസിച്ചു.
സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണൻ ആരോപിച്ചു.
അതേസമയം വ്യാജ വീഡിയോ കേസിൽ 3 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്നലെ കോയമ്പത്തുരിൽ നിന്നും കസ്റ്റഡിയിലെടുത്ത അബ്ദുൾ ലത്തീഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവായ അരുകുറ്റി സ്വദേശി നൗഫൽ, ചിറ്റയത്ത്കരയിൽ ഹോട്ടൽ നടത്തുന്ന നസീർ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.