മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ അക്രമിച്ചുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി പൊലീസ്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് മറ്റ് പ്രതികൾ. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
2022 ജൂണിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർ കറുത്ത വസ്ത്രമണിഞ്ഞും മുദ്രാവാക്യം മുഴക്കിയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പ്രകോപിതരായ പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് പൊലീസ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ഇ.പി ജയരായൻ അക്രമിച്ചുവെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ഇ.പി ജയരാജനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ജയരാജനെതിരെ ആരോപിച്ചത് വ്യാജപരാതിയാണെന്നാണ് വലിയതുറ പൊലീസിന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ് പൊലീസ്. അതിനിടയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.