സുഹൃത്തുക്കളെ പിന്നിലിരുത്തി പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച കേസിൽ അമ്മയ്ക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 26,000 രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കിൽ 5 ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധിച്ചത്. മോട്ടർ വാഹന നിയമത്തിലെ 194 (സി, ഡി) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
ജനുവരി 20ന് തൃശൂർ കൊഴുക്കുള്ളിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹെൽമെറ്റ് ധരിക്കാതെ രണ്ട് സുഹൃത്തുക്കളെ പിന്നിലിരുത്തിയായിരുന്നു കുട്ടിയുടെ സ്കൂട്ടർ യാത്ര. സ്കൂട്ടർ അമിത വേഗതയിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തെ തടഞ്ഞുനിർത്തിയത്. പരിശോധനയിൽ കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് മനസിലായതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സ്കൂട്ടർ കുട്ടിയുടെ അമ്മയുടെ പേരിലായതിനാലാണ് അമ്മയ്ക്ക് ശിക്ഷ വിധിച്ചത്. അച്ഛനമ്മമാരെ കേസിൽ പ്രതിചേർത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കോടതി ശിക്ഷയിൽ നിന്നൊഴിവാക്കി.