പ്രവാസികളുടെ ദീർഘനാളത്തെ യാത്രാ വിഷയത്തിൽ ഇടപെട്ട് സർക്കാർ. ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കിൽ വിമാനസർവ്വീസ് ആരംഭിക്കാൻ ശ്രമിക്കുമെന്നും വിമാന കമ്പനികളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്സവ-അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പരാതി വളരെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് സംസ്ഥാനത്തിന് ഈ വിഷയത്തിൽ എന്തുചെയ്യാൻ സാധിക്കുമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നത്.
ഗൾഫിൽ നിന്നും നാട്ടിലേയ്ക്ക് വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന രീതിയിൽ വിമാന കമ്പനികളുമായി ചർച്ച നടത്തി കുറഞ്ഞ നിരക്കിൽ സർവ്വീസ് ആരംഭിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ട്.