ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സ്ഥാനാർത്ഥികളും പാർട്ടികളും തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ തൃശൂരിൽ എലവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
“തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നടപ്പാക്കേണ്ട ‘പ്രൈം പ്രൊജക്ടടിനെ’ക്കുറിച്ച് 2019-ൽ തന്നെ പ്രഖ്യാപിച്ചതാണ്. ശക്തൻ മാർക്കറ്റ് നവീകരണം, മണ്ഡലത്തിൻ്റെ വികസനം തുടങ്ങിയവ എൻ്റെ പ്രൈം പ്രൊജക്‌ടുകളാണ്. കുന്നംകുളം റോഡ്, പൊന്നാനി റോഡ്, മണ്ണുത്തി റോഡ് എന്നിവയെ ബന്ധിപ്പിച്ച് എലവേറ്റഡ് ഹൈവേ നിർമ്മിക്കും. ഇത് യാഥാർത്ഥ്യമായാൽ തൃശൂർ നഗരത്തിലെ അനാവശ്യമായ ഗതാഗതക്കുരുക്കും ആവാസ വ്യവസ്ഥയുടെ ദുരിതവും മലിനീകരണവും ഒഴിവാക്കാം. യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യത്തിലെത്താനും സാധിക്കും. ശക്തന്റെ പേരിൽ കവളപ്പാറയിൽ വിസ്‌ഡം സെൻ്ററും ആരംഭിക്കും.
കവളപ്പാറ കൊട്ടാരത്തെ ‘എത്ത്നിക് യൂണിവേഴ്‌സിറ്റി’ കേന്ദ്രമാക്കി വികസിപ്പിക്കും. മെട്രോ ട്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും തൃശൂരിൽ കൊണ്ടുവരും. ജനങ്ങളിൽ വിവിധ മതക്കാരുണ്ടാകും. ജനങ്ങൾ ജയിപ്പിക്കട്ടെ, അതാണു നല്ലത്. ഒരു മതവിഭാഗവും ജയിപ്പിക്കുന്നത് നല്ലതല്ല. അപ്പോൾ എനിക്ക് ഉത്തരവാദിത്തം ജനങ്ങളോടു മാത്രമാകും” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.