അണികളോട് ക്ഷോഭിച്ചതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടതിനേത്തുടർന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടനും തൃശൂർ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തന്റെ അണികളെ തലോടാനും വഴക്കുപറയാനുമുള്ള അവകാശം തനിക്കുണ്ട്. തിരുവനന്തപുരത്തേക്ക് പോകും എന്ന് പറഞ്ഞത് പ്രവർത്തകരെ പേടിപ്പിക്കാൻ വേണ്ടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിനാലാണെന്ന് പ്രവർത്തകരോട് ക്ഷോഭിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
“തിരഞ്ഞെടുപ്പിൽ നാളെ ഞാൻ ജയിച്ചുകഴിഞ്ഞാലും അണികളാണ് ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്നങ്ങൾ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവർത്തിച്ചാൽ ഇനിയും വഴക്ക് പറയും. അതിൻ്റെ സൂചനയാണ് നൽകിയത്. അവരെ തലോടാനും വഴക്കുപറയാനുമുള്ള അവകാശം എനിക്കുണ്ട്. അണികൾ ചെയ്യാനുള്ള ജോലി ചെയ്യണം. അല്ലെങ്കിൽ എനിക്കെൻ്റെ ജോലി ചെയ്യാൻ സാധിക്കില്ല. ഊരിലെ ജനങ്ങളുടെ വോട്ടുകൾ ഇതുവരെ ചേർത്തിട്ടില്ലെന്ന് ആദിവാസികൾ എന്റെ മുന്നിൽ വെച്ചാണ് പറയുന്നത്. അപ്പോൾ എൻ്റെ അണികളെ ഞാൻ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട്. ആ പരിപാടിയിൽ എത്രപേരുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ഉടൻ പുറത്തുവിടും” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇന്നലെയാണ് ശാസ്‌താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് അണികൾ കുറഞ്ഞതിനാൽ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷോഭിച്ചത്. നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാം എന്നായിരുന്നു താരം അണികളോട് പറഞ്ഞത്. സംഭവം വലിയ ചർച്ചയ്ക്കും വഴി തെളിച്ചിരുന്നു.