രാഹുൽ ഗാന്ധി എം പിയുടെ വയനാട്ടിലെ ഓഫിസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്പിയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. എം പി ഓഫിസിന് നേരെയുണ്ടായ അക്രമം, പൊലീസിന് നേരെയുണ്ടായ അക്രമം എന്നിങ്ങനെ രണ്ട് കേസുകളായാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് പറയുന്നു.
രാഹുൽ ഗാന്ധി എം പിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കാനായി കൂടുതൽ പൊലീസിനെയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഒൻപത് മണി വരെ കൽപ്പറ്റ സംഘർഷഭരിതമായിരുന്നു. എസ് പി ഓഫീസ് ഉപരോധിച്ച യുഡിഎഫ് പ്രവർത്തകരുമായി എഡിജിപി ചർച്ച നടത്തിയ ശേഷമാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്. അക്രമ സംഭവങ്ങളിൽ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെ അറസ്റ്റ് ചെയ്തു.