കൊല്ലത്ത് വനിതാ ഡോക്റെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിലപാട് മാറ്റി പൊലീസ്. പ്രതിയായ സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയാണ് എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ സന്ദീപിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്ന് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഡോ. മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം നൽകി.
ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ സന്ദീപിന്റെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ കോട്ടയം മാഞ്ഞൂർ മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്കും കുത്തേറ്റു.
പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കുകളോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.