കേരളത്തിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും വാഹനയാത്രയിലും ജോലിസ്ഥലത്തുമെല്ലാം മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴയാണ് ഈടാക്കിയിരുന്നത്. സ്വകാര്യ വാഹനങ്ങളിലും മാസ്ക് നിർബന്ധമാക്കി.
സംസ്ഥാനത്ത് ഇന്നലെ 2,993 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 26ന് 3,206 പേർക്ക് കോവിഡ് ബാധിച്ചു. 24ന് 4,098 പേർക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.