വെണ്ണല വിദ്വേഷപ്രസംഗക്കേസ്; പി.സി.ജോർജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച വരെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. പൊതുജനമധ്യത്തിലും മാധ്യമങ്ങളിലും പ്രസ്താവന നടത്തുന്നതിൽ നിന്ന് പി സി ജോർജിനെ കോടതി വിലക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ വിചാരണക്കോടതി ബുധനാഴ്ച വിധി പറയും. ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത് .
വെണ്ണല മഹാദേവക്ഷേത്രത്തിലെ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം നോക്കി പൊലീസ് കേസെടുത്തെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തിരുവനന്തപുരത്തെ കേസിൽ ജാമ്യം ലഭിച്ചതിലുളള പ്രതികാരമാണ് പുതിയ കേസെന്നും പ്രസംഗം മുഴുവൻ പരിശോധിച്ചാൽ കോടതിക്ക് ബോധ്യമാവുമെന്നും അഭിഭാഷകൻ പറഞ്ഞു.
പിസി ജോർജ് ഉടൻ വിചാരണാക്കോടതിയിൽ കീഴടങ്ങണമെന്നാണ് സർക്കാർ അറിയിച്ചത്. ജാമ്യം നൽകിയാൽ കുറ്റം ആവർത്തിക്കില്ലെന്ന് എന്തുറപ്പാണെന്നും ചോദിച്ചു. കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയ ഹൈക്കോടതി അതുവരെ പി സി ജോർജിനെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിർദേശം നൽകി. ഒരു സമുദായത്തിന്റെ ആരാധാനാലയത്തിൽ പോയി മറ്റൊരു സമുദയത്തിനെതിരെ പറയുന്നത് സ്പർധയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.