അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന് ജാമ്യം. ഇനി വിദ്വേഷ പ്രസംഗം നടത്തരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് ജാമ്യം നൽകിയത്. വെണ്ണലക്കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.
മുൻ എംഎൽഎ ആണെന്നതും നിലവിലെ ആരോഗ്യസ്ഥിതിയും കണക്കിലെടുക്കുകയും ചെയ്തു കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാകണമെന്നും കോടതി നിർദേശം. വ്യവസ്ഥ ലംഘിച്ചാൽ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പും നൽകി.
പി സി ജോർജിന് ജാമ്യം നൽകരുതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. ജോർജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്നമെന്ന് ഡിജിപി പറഞ്ഞു. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്നായിരുന്നു പി സി ജോർജിന്റെ മറുപടി. ജാമ്യം നൽകിയാൽ മതസ്പർദ്ധ ഉണ്ടാക്കുന്ന പ്രസംഗം നടത്തില്ലെന്ന് ഉറപ്പാക്കണമെന്ന നിലപാട് സർക്കാർ എടുത്തു.
കോടതിയിലേക്ക് കേസ് എത്തിയശേഷം പി സി ജോർജ് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചതായും പ്രതിഭാഗം കോടതിയെ അറിയിച്ചു.