തന്റെ പിതാവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരളത്തിലെ ജനങ്ങൾ നൽകുന്ന യാത്രാമൊഴിയെന്ന് ഉമ്മൻ ചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മൻ. ജനങ്ങൾക്കിടയിൽ മാത്രമാണ് അദ്ദേഹം ജീവിച്ചതെന്നും അദ്ദേഹത്തെ നെഞ്ചിലേറ്റിയ മലയാളികളിലൂടെ അദ്ദേഹത്തിന് മരണമില്ലെന്നും അച്ചു ഉമ്മൻ കണ്ഠമിടറി പറഞ്ഞു.
‘ജീവിച്ചിരുന്നപ്പോൾ അപ്പയ്ക്ക് ഒരുപാട് ബഹുമതികൾ കിട്ടിയിട്ടുണ്ട്. എന്നാൽ ഇന്ന് കേരളത്തിലെ ജനങ്ങൾ നൽകുന്ന ഈ യാത്രാ മൊഴിയാണ് അപ്പയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ജനങ്ങൾക്കിടയിൽ മാത്രമാണ് അപ്പ ജീവിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ഏറ്റവും അർഹമായ യാത്രാമൊഴിയാണ് ഇത്. ഇന്നലെ മുതൽ അപ്പയെ കാണാൻവരുന്നവരുടെ തിരക്കായിരുന്നു. ഓരോ തിക്കും തിരക്കും അപ്പയ്ക്കുള്ള ജയ് വിളി പോലെയാണ് തോന്നിയത്. അദ്ദേഹം ഒരിക്കലും മരിക്കില്ല. ഞങ്ങളിലൂടെ അദ്ദേഹത്തെ സ്നേഹിക്കുന്ന കോൺഗ്രസുകാരിലൂടെ, അദ്ദേഹത്തെ നെഞ്ചിലേറ്റിയ മലയാളികളിലൂടെ അദ്ദേഹത്തിന് മരണമില്ല’ എന്നാണ് വിതുമ്പലോടെ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു പറഞ്ഞത്.