എൻ്റെ കേരളം എത്ര സുന്ദരം.. ഒറ്റ പരസ്യ വാചകം കൊണ്ട് കേരളത്തിൻ്റെ സംസ്കാരത്തേയും മനോഹാരിതയേയും ആഗോളതലത്തിലെത്തിച്ച ഫ്രഞ്ച് വനിത ഒരിക്കൽ കൂടി കേരളത്തിലേക്കെത്തി.14 വർഷം മുമ്പ് സ്വദേശത്തേക്ക് തിരിച്ചുപോയശേഷം ഇതാദ്യമായാണ് ലൂബ കേരളത്തിലേക്ക് എത്തുന്നത്.
ഒരുകാലത്ത് ലൂബയുടെ കഥകളി വേഷവും ടൂറിസം പരസ്യവും ജനശ്രദ്ധ ആകർഷിച്ചതോടെ ഏറെ ആരാധകരാണ് ഈ വിദേശ വനിതയ്ക്ക് ഉണ്ടായിരുന്നത്. ദീർഘകാലം കേരളത്തിൽ താമസിച്ച ലൂബ 2009ൽ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. ഇപ്പോൾ 79 വയസ്സായി, വാർദ്ധക്യത്തിലെ പ്രയാസങ്ങളിലേക്ക് കടക്കുമ്പോൾ കേരളം കാണണമെന്നും ഒരിക്കൽക്കൂടി യാത്ര പറയണമെന്നും തോന്നി. മാധ്യമങ്ങളോട് ലൂബ ഷീൽഡ് വ്യക്തമാക്കി.
പാരീസിലെ പ്രശസ്ത നർത്തകനായിരുന്ന ലുഡോൽഫ് ഷീൽഡിൻ്റേയും പിയാനോ വാദക നദിയാ ഷീൽഡിൻ്റേയും മകളായായ ലൂബ 1968ലാണ് കേരളത്തിലെത്തുന്നത്. കേരളത്തെ ഹൃദയത്തോട് ചേർത്ത ലൂബ കേരളത്തിൻ്റെ സ്വന്തം കലാരൂപങ്ങളിൽ പരിശീലനമാരംഭിക്കാൻ തീരുമാനിച്ചു. കഥകളി പഠനത്തിനു സ്കോളർഷിപ്പ് ലഭിച്ചതോടെ ലൂബ കേരളത്തിലെ അന്തേവാസിയായി. അമ്പലപ്പുഴ ശേഖർ, കലാമണ്ഡലം കൃഷ്ണൻ നായർ, മങ്കൊമ്പ് ശിവശങ്കരപ്പിളള തുടങ്ങി പ്രമുഖരായ ആചാര്യൻമാരിൽ നിന്ന് കഥകളിയും നൃത്തവും അഭ്യസിച്ചു. 1976ൽ ദുരോധനവധത്തിലെ പാഞ്ചാലിയുടെ വേഷത്തിൽ അരങ്ങേറ്റവും കുറിച്ചു. അയിത്തം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ലൂബ ഷീൽഡ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച പദ്ധതിയാണ് ആറൻമുളയിലെ വാസ്തുവിദ്യാ ഗുരുകുലമായി രൂപപ്പെട്ടത്. 1977ൽ ലൂബ തുടക്കമിട്ട വിജ്ഞാന കലാവേദിയിലൂടെ കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുഡി, കളരിപ്പയറ്റ്, യോഗ, സംഗീതം, വാദ്യോപകരണങ്ങൾ, മ്യൂറൽ പെയിന്റിങ്, കേരളീയ പാചകം തുടങ്ങി വിവിധകലകളിൽ നിരവധി ആളുകൾ പരിശീലനം നേടി. യുനെസ്കോയുടെയും ദേശീയ സംഗീതനാടക അക്കാദിയുടെയും പിന്തുണയോടെ വിദേശികൾക്ക് കേരളീയ കലകൾ പഠിക്കാനുള്ള അവസരങ്ങളും വിജ്ഞാന കലാവേദി തുറന്നിട്ടു. പിന്നീട് സാമ്പത്തിക സഹായം നിലച്ചതോടെ ഇവിടുത്തെ പ്രവർത്തനം മന്ദഗതിയിലാവുകയും ലൂബ സ്വദേശത്തേക്ക് മടങ്ങുകയുമായിരുന്നു.
ഇനിയൊരു തിരിച്ചുവരവില്ലെന്നും കേരളം തനിക്ക് ദുഖമാണ് തന്നതെന്നും പരിഭവിച്ചാണ് ലൂബ മടങ്ങിപ്പോയത്. എങ്കിലും കേരളത്തെ ഉപേക്ഷിക്കാൻ കഴിയുന്നില്ലെന്നതിൻ്റെ തെളിവാണ് ഇപ്പോഴത്തെ വരവ്. ഒരുനോക്കുകൂടി കേരളവും ആറൻമുളയും കാണണം. പഴയ സുഹൃത്തുക്കളോട് വിശേഷങ്ങൾ തിരക്കണം. ലൂബ കൂട്ടിച്ചേർത്തു. വിജ്ഞാന കലാവേദിയിലെ മുൻ അധ്യാപകൻ ഡോ.ബി.ഹരികുമാറിൻ്റെ ബുധനൂരിലെ വീട്ടിലാണ് താമസം.
കേരളം എന്നും ഉള്ളിലുണ്ടെന്ന് ആവർത്തിക്കുന്ന ലൂബ നവംബർ 27ന് മടങ്ങും. വീണ്ടുമൊരു കണ്ടുമുട്ടൽ ഉണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും ചിരിച്ച മുഖവുമായി.