മുതിർന്ന സിപിഐഎം നേതാവും മുൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ചികിത്സയിൽ ഇരിക്കവേയാണ് അന്ത്യം. പാൻക്രിയാസ് കാൻസർ രോഗബാധിതനായതിനെ തുടർന്ന് ഓഗസ്റ്റ് 29 മുതൽ അദ്ദേഹം ചെന്നൈയിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിയിരുന്നു.
ഇരുപതാം വയസിൽ രാഷ്ട്രീയത്തിലെത്തിയ കോടിയേരി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു.തലശേരിയിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായതോടൊപ്പം ആഭ്യന്തര, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ രണ്ടാമനായിരുന്നു.