വിസ്മയ കേസിൽ വിധി വന്നതോടെ പ്രതി കിരൺകുമാറിന്റെ ജാമ്യം റദ്ദാക്കി. കോടതി മുറിക്കുള്ളിൽ നിന്ന് കിരൺ കുമാറിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. നിരവധി നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന് ഡിവൈഎസ്പി രാജ്കുമാർ.
വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചു. 304 b സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306- ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.
ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തി 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളും, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിൽ ഹാജരാക്കിയത്.
കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള പ്രതികരിച്ചു. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ടെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു.
വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. സംഭവങ്ങൾ പൊതുസമൂഹത്തിലെത്താൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞു.