2023-ലെ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു. വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത അംഗീകാരമാണ് കേരള പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ, കെ. ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിന് അർഹരായി. സാമൂഹ്യ സേവന മേഖലയിൽ പുനലൂർ സോമരാജൻ, ആരോഗ്യ മേഖലയിൽ ഡോ. വി.പി. ഗംഗാധരൻ, വ്യവസായ-വാണിജ്യ മേഖലയിൽ രവി ഡി സി, സിവിൽ സർവീസ് മേഖലയിൽ കെ.എം. ചന്ദ്രശേഖർ, കലാ (സംഗീതം) മേഖലയിൽ പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർ കേരള ശ്രീ പുരസ്കാരത്തിനും അർഹരായി.
ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടുപേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ച് പേർക്കുമാണ് നൽകുന്നത്.