ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന ബിജെപി നേതാവാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ സുരേന്ദ്രൻ മത്സരിക്കാൻ കളത്തിലിറങ്ങുമോ എന്നതാണ് എല്ലാവരുടെ സംശയം. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം.
ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് കെ. സുരേന്ദ്രൻ വെളിപ്പെടുത്തിയത്. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും കൂട്ടിച്ചേർത്തു. ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടെങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതൽ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. ഈ അവസരത്തിൽ സുരേന്ദ്രൻ രണ്ടാമൂഴത്തിന് ശ്രമിക്കുമെന്ന വിലയിരുത്തലിലായിരുന്നു ഇതുവരെ ജനങ്ങൾ.