മാവേലിക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് മഹേഷ് സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് ആത്മഹത്യാശ്രമം. കഴുത്തിലും വലത് കൈയ്യിലും മുറിവേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകളെ മഹേഷ് കൊലപ്പെടുത്തിയത് വിരോധം നിമിത്തമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. മകളെ കൊലപ്പെടുത്തിയത് പ്രത്യേകമായി തയ്യാറാക്കിയ മഴു ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനാൽ കൊല ആസൂത്രിതമായിട്ടാണെന്ന നിഗമനത്തിലാണ് പൊലീസ്.
മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നാണ് വിവരം. മഹേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല.
ഇന്നലെ രാത്രി ഏഴരയോടെയാണ് ആറുവയസുകാരി നക്ഷത്രയെ മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയുടെ കൈയ്ക്കും വെട്ടേറ്റിരുന്നു. മഹേഷിനെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.