സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറാഞ്ച് അലേർട്ട്. തിരുവനന്തപുരം കൊല്ലം ജില്ലയിൽ യെല്ലോ അലേർട്ടാണ്. നാളെയോടെ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ ശക്തമായതോടെ കോട്ടയം ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നതിനാൽ ഇന്ന് ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതായി കളക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.