സംസ്ഥാനത്ത് ദിനംപ്രതി തെരുവുനായ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവയെ കൊല്ലുന്ന സംഭവങ്ങളും കൂടിവരുന്നുണ്ട്. ഇത്തരത്തിൽ നായ്ക്കളെ കൊന്നാൽ കേസെടുക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഡിജിപിക്കാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
സംസ്ഥാനത്ത് തെരുവ് നായയുടെ ശല്യം വളരെയധികം വർധിച്ചതിന് പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇന്നലെ അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി വേണ്ടി കാക്കനാട് റീജിയണൽ ലാബിലേക്ക് കൈമാറി.പരിശോധനാ റിപ്പോർട്ട് വന്നതിനുശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം നൽകി കൊന്നതാണെന്നാണ് പൊലീസിൻ്റെ നിഗമനം. ഏത് വിഷമാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞശേഷമേ ഉദ്യോഗസ്ഥർ മറ്റ് നടപടികളിലേക്ക് കടക്കുകയൂള്ളൂ.
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കി മൃതദേഹത്തിന് കീഴെ ഇലയും പൂക്കളും വെച്ചനിലയിൽ കാണപ്പെട്ടത്. തെരുവുനായയെ ആരാണ് കൊന്നതെന്നതിൽ വ്യക്തതയില്ല. കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായി. ഇതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി ചത്ത നായകളുടെ മറവ് ചെയ്തിടത്തുനിന്നെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
12 നായകളെയും വിഷം കൊടുത്തു കൊന്ന ലക്ഷണങ്ങളോടെയാണ് കണ്ടെത്തിയത്.നായ ശല്യം രൂക്ഷമായ സ്ഥലമായതിനാൽ കൂടുതൽ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്ത്. എന്നാൽ, മൃഗസ്നേഹികൾ പരാതി നൽകിയതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരായി.