സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ 14 കാരി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ കരുമാലൂർ സ്വദേശി അബീസ് നേരത്തെ തന്നെ പോലീസ് പിടിയിലായിരുന്നു.
വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നതിനാണ് പിതാവ് അബീസ് പെൺകുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും വായില്‍ വിഷം ഒഴിക്കുകയും ചെയ്തത്. അച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അമ്മയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ക്രൂരമായ ആക്രമണം ഉണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞ പിതാവ് ഒരു മാസം മുന്‍പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായി. ശേഷം കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിനു പുറത്താക്കിയ ശേഷം പിതാവ് പെണ്‍കുട്ടിയെ മര്‍ദിച്ചു. പിന്നീട് പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നൽകിയത്. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടി തെറിപ്പിക്കുകയായിരുന്നു എന്നാണ് പിതാവ് പോലീസിനോടു പറഞ്ഞത്.