സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് വിദ്യാഭ്യാസ വകുപ്പ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരമായി സ്കൂൾ അന്തരീക്ഷം എന്നാക്കി മാറ്റുകയാണ് ചെയ്തത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇരുത്തണമെന്ന നിർദ്ദേശനത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിർദ്ദേശം തിരുത്തിയത്. പുതിയ നിർദ്ദേശത്തെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തു.
ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ മാറുമെന്നും ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കുന്നത് അപകടമാണെന്നും ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഒരിടത്തും ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കുമെന്നല്ലാതെ സർക്കാരിന് പ്രത്യേക നിർബന്ധം ഇല്ല. നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നതായും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചിരുന്നു.