സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ച് സേനയിൽ നിന്ന് പടിയിറങ്ങി ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി. 36 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തോടാണ് അദ്ദേഹം വിടപറഞ്ഞത്. മഹാഭാരതത്തിലെ കർണനാണ് തന്റെ ഹീറോ എന്നും നിരവധി അപമാനങ്ങൾ സഹിക്കേണ്ടി വന്നെങ്കിലും അവസാന വിജയം കർണനായിരുന്നു എന്നും പോലീസ് സേനയ്ക്കായി സേവനം അനുഷ്ഠിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങളോടുള്ള നന്ദി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണെന്ന് പറഞ്ഞ അദ്ദേഹം സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം സദസിൽ ആലപിക്കുകയും ചെയ്തു.
മഹാഭാരതത്തിലെ കർണനാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള കഥാപാത്രമെന്നാണ് അദ്ദേഹം പറഞ്ഞത്. അനർഹരിൽ നിന്ന് പോലും കേൾക്കേണ്ടി വന്ന അപമാനവും മഹാന്മാരെന്ന് കരുതിയവരിൽ നിന്ന് പോലും അനുഭവിക്കേണ്ടി വന്ന മാറ്റിനിർത്തലും നേരിടേണ്ടിവന്നിട്ടും ഒരു പ്രലോഭനത്തിലും തളരാതെ തന്റേതായ ശരികളിലൂടെയാണ് കർണൻ കടന്നുപോയത്. അർജുനനേക്കാൾ വലിയ പോരാളിയായിരുന്നിട്ടും വിജയം കർണനാണെന്നത് വ്യക്തമായിരുന്നിട്ടും പലപ്പോഴും കർണനെ മാറ്റി നിർത്തി അർജുനനെ വിജയിയായി പ്രഖ്യാപിച്ചു. ഈ കഥയും എന്റെ ഔദ്യോഗിക ജീവിതവും ഇവിടെ അവസാനിക്കുന്നു എന്നാണ് മറുപടി പ്രസംഗത്തിൽ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞത്.
കഴിഞ്ഞ 36 വർഷം പൊലീസ് സേനയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞാൽ തീരാത്തതിനാൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന സംഗീതത്തെ കൂട്ട് പിടിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സേനയ്ക്ക് വേണ്ടി സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം വേദിയിൽ ആലപിക്കുകയും ചെയ്തു.