പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പുതിയ ആരോപണങ്ങളുമായി എത്തിയ പി സി ജോർജിനെ അവഗണിക്കാൻ സിപിഎം നേതൃത്വത്തിൽ ധാരണ. ജോർജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണെന്നും പ്രകോപനങ്ങളിൽ വീഴേണ്ടെന്നുമാണ് സിപിഐഎം തീരുമാനം. ആരോപണങ്ങൾക്ക് ബാലമേകാൻ തെളിവുണ്ടെങ്കിൽ ജോർജ് അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പി സി ജോർജിന്റെ അറസ്റ്റിലെ ഗൂഡാലോചന വാദം സിപിഐഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയും തള്ളിക്കളഞ്ഞു.
വർഗീയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജ് എന്ത് ആരോപണവും ഉന്നയിക്കാൻ മടിക്കില്ലെന്നതാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം തുടർച്ചയായി ഉന്നയിക്കുന്നതുവഴി പിണറായി വിജയനെ പ്രകോപിക്കുകയാണ് പി സി ജോർജിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയോടുള്ള കടുത്ത പകയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും ഇതിനെല്ലാം സിപിഐഎമ്മോ മുഖ്യമന്ത്രിയോ മറുപടി പറഞ്ഞാൽ അതിനെപ്പറ്റി അടുത്ത ആരോപണം ഉന്നയിക്കുക എന്നതാണ് പി സി ജോർജിന്റെ പദ്ധതി. ജോർജിനെ ഗൗനിക്കാതെ അവഗണിച്ചുവിട്ടാൽ മതിയെന്നാണ് മുതിർന്ന സിപിഐഎം നേതാക്കൾക്കിടയിലെ തീരുമാനം.
ആരോപണങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നാൽ തെളിവുള്ളവർക്ക് അന്വേഷണ ഏജൻസികൾക്ക് നൽകാമെന്ന് മാത്രമാകും സിപിഐഎം നോതാക്കൾ മറുപടി നൽകുക.
ജോർജിന്റെ ആരോപണങ്ങൾ അതേപോലെ യുഡിഎഫ് ഏറ്റെടുക്കില്ലെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. വിഷയം നിയമസഭയിൽ യുഡിഎഫ് കൊണ്ടുവന്നാൽ ആലോചിച്ച് മറുപടി പറയാനാണ് സർക്കാർ തീരുമാനം. പി സി ജോർജിന് ആയുധമാക്കാവുന്ന മറുപടികൾ നൽകിയേക്കില്ലെന്നാണ് ധാരണ.