ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് എക്സൈസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടറാണ് ഇദ്ദേഹം.
ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്ന കുറ്റം ചുമത്തി കെ സതീശനെ സസ്പെൻഡ് ചെയ്തത്. കേസിൽ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തൃശൂർ ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.