ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ സജി ചെറിയാനെതിരെ കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. പത്തനംതിട്ട കീഴുവായ്പൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് എഫ്‌ഐആർ പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷനൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കൊച്ചി സ്വദേശി ബൈജു നോയലിന്റെ ഹർജിയിലാണ് നടപടി. ഭരണഘടനയെ അവഹേളിച്ചെന്നാണ് ചുമത്തിയിരിക്കുന്ന വകുപ്പ്. വേദിയിൽ ഒപ്പമുണ്ടായിരുന്ന എംഎൽഎമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെയും മൊഴിയെടുക്കും.
തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തറിനാണ് കേസിന്റെ അന്വേഷണച്ചുമതല. പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ലിക് പ്രോസിക്യൂട്ടർക്ക് നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്ന് ടി രാജപ്പൻ റാവുത്തർ അറിയിച്ചു.
പ്രസംഗത്തിന്റെ പൂർണരൂപം ലഭിച്ചാൽ മാത്രമേ നിയമോപദേശം നൽകാൻ കഴിയുവെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എ സി ഈപ്പൻ പൊലീസിനോട് പറഞ്ഞു. നിയമോപദേശം ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. വിവാദ പ്രസംഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 9 പരാതികൾ കൂടി ഡിവൈഎസ്പിക്ക് മുന്നിലെത്തിയിട്ടുണ്ട്.
പ്രതിപക്ഷം ഇന്നും സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും സജി ചെറിയാനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.
എംഎൽഎ ബോർഡ് വച്ച കാറിൽ സജി ചെറിയാൻ ഇന്ന് നിയമസഭയിലെത്തി. നിയമസഭയിൽ രണ്ടാം നിരയിൽ കെ കെ ശൈലജക്ക് സമീപമാണ് അദ്ദേഹത്തിന്റെ പുതിയ ഇരിപ്പിടം. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ ഒരു വിഷമവുമില്ലെന്നായിരുന്നു പ്രതികരണം.