മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി ഡോ.ബോബി ചെമ്മണ്ണൂർ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് സിനിമകൾ നിർമ്മിക്കുകയെന്ന് തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ബോചെ വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമയോടെയാണ് തുടക്കം.
ആദ്യ സിനിമയുടെ അണിയറപ്രവർത്തനങ്ങൾക്ക് തുടക്കമായെന്നും ബോചെ പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമക്കായി തെരഞ്ഞെടുത്തത്.സിനിമയിൽ നിന്നുള്ള ലാഭത്തിൻ്റെ ഒരു പങ്ക് മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ക്ഷേമപ്രവർത്തങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
വയനാട് ദുരന്തത്തിൻ്റെ മനസ് വേദനിപ്പിക്കുന്ന ഒരുപാട് കാഴ്ചകൾ നേരിട്ട് കണ്ടെന്നും അത്തരം അനുഭവങ്ങളാണ് സിനിമ എന്ന ചിന്തയിലേക്ക് എത്തിച്ചതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ഇന്ത്യൻ സിനിമാ മേഖലയിൽ സാന്നിധ്യമുറപ്പിക്കാനാണ് ബോചെ ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി തിരക്കഥകൾ തെരഞ്ഞെടുത്ത് കഴിഞ്ഞെന്നും ബോചെ സിനിമാനിയ വ്യക്തമാക്കി.