ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമായി ‘അയ്യൻ’ ആപ്പ് പുറത്തിറക്കി. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ആപ്പ് പ്രകാശനം ചെയ്തത്. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പിന് രൂപം നൽകിയത്.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യക്തമാക്കുകയും പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ – നീലിമല – സന്നിധാനം, എരുമേലി – അഴുതക്കടവ് – പമ്പ, സത്രം – ഉപ്പുപാറ – സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന വിവിധ സേവനങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ തീർത്ഥാടകർക്ക് ആപ്പ് മുഖേന മനസിലാക്കാൻ സാധിക്കും.
പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസ സൗകര്യങ്ങൾ, എലിഫൻ്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.