വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി ആംഗ്ലിക്കൻ സഭ പുരോഹിതൻ ഡോ. മനോജ്. തിരുവനന്തപുരത്തെ തിരുമല ക്ഷേത്രത്തിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ചായിരുന്നു ശബരിമലയിലേക്കുള്ള യാത്ര ആരംഭിച്ചത്. ശിവഗിരിയിലും പന്തളത്തും എരുമേലിയിലും ദർശനം നടത്തുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. അതേസമയം ഫാദർ മനോജിന്റെ ശബരിമല സന്ദർശനം സംബന്ധിച്ച വാർത്ത വിവാദമായിരുന്നു. വിശ്വാസ ലംഘനം ആരോപിച്ച് ഫാദർ മനോജിന്റെ ലൈസൻസും തിരിച്ചറിയൽ കാർഡും സഭ റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഫാ.മനോജ് ഉൾപ്പടെയുള്ള ആറംഗ സംഘം പമ്പയിലെത്തിയത്. ശേഷം പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തിയ ഇവരെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് സ്വീകരിച്ചു. ശ്രീകോവിലിനു മുന്നിൽ ഏറെനേരം നിന്ന് ഫാ. മനോജ് പ്രാർത്ഥിച്ചു. നെയ്യഭിഷേകം വഴിപാട് നടത്തുകയും മാളികപ്പുറത്ത് ദർശനം നടത്തിയശേഷം തേങ്ങ ഉരുട്ടുകയും അരി നിവേദിക്കുകയും ചെയ്തു.
സന്നിധാനം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും ഫാദർ മനോജിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. അതിന് ശേഷം സന്നിധാനം മേൽശാന്തിയുടെ മുറിയിലിരുന്ന് അയ്യപ്പന്റെ ഐതിഹ്യങ്ങളെ കുറിച്ചും പൂജാകാര്യങ്ങളെ കുറിച്ചും മൂവരും ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് മേൽശാന്തിമാർ പ്രസാദം നൽകി അദ്ദേഹത്തെ യാത്രയാക്കി.
41 നാൾ വ്രതമെടുത്തായിരുന്നു ഫാദർ മനോജ് ശബരിമല യാത്ര നടത്തിയത്. സ്വാമിമാർ ഫാ. മനോജിനൊപ്പം സെൽഫിയുമെടുത്തു. പരിസ്ഥിതി പ്രവർത്തകരായ ശബരിനാഥ്, അമ്മ ജ്യോതി, റെസിൻ, ജ്യോതിഷ്, അഭിലാഷ്, അഭിഷേക് എന്നിവരാണ് അദ്ദേഹത്തിന്റെ സംഘത്തിൽ ഉണ്ടായിരുന്നത്. എല്ലാ മതങ്ങളെയും കുറിച്ച് പഠനം നടത്തുകയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും പരസ്പര സ്നേഹവും പരിസ്ഥിതി സംരക്ഷണവും എന്നതായിരുന്നു യാത്രയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.