ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ച് ചെന്നത് തോട്ടിലേക്ക്. പെട്ടെന്ന് തന്നെ നാട്ടുകാരുടെ സഹായം ലഭിച്ചതിനാൽ വലിയ അപകടമൊഴിവാക്കാനായി. ഇന്നലെ ഉച്ചയോടെ കുറുപ്പന്തറ കടവിലാണ് സംഭവം ഉണ്ടായത്. കർണാടക സ്വദേശികളായ കുടുംബമാണ് കാറിൽ. ഉണ്ടായിരുന്നത്. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന വഴിയാണ് അപകടം.
തുടക്കം മുതൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് യാത്ര ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കടവിന് അടുത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഗൂഗിൾ മാപ്പിന്റെ നിർദേശം. അങ്ങനെയാണ് അവിടെയുള്ള വളവ് ശ്രദ്ധിക്കാതെ ഡ്രൈവർ കാർ മുന്നോട്ട് ഓടിച്ചത്. നാട്ടുകാർ നോക്കി നിൽക്കെയാണ് സംഭവം. അവർ വിളിച്ചുകൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞിരുന്നു. മഴ പെയ്യുന്നതിനാൽ തോട്ടിൽ നിറയെ വെള്ളമുണ്ടായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുടുംബത്തെ രക്ഷപ്പെടുത്തി. കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ലോറി എത്തിച്ച് കെട്ടിവലിച്ചാണ് കാർ തോട്ടിൽനിന്നു കയറ്റിയത്.
വാഹനത്തിന് ഒന്നും സംഭവിക്കാത്തതിനാൽ അതേ കാറിൽ തന്നെ യാത്ര തുടർന്നു. ഇവിടെ അപകടങ്ങൾ സ്ഥിരമാണെന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ താത്കാലികമായി ചങ്ങലയിട്ട് വഴി അടച്ചെന്നും നാട്ടുകാർ പറയുന്നു.