വലിയ പ്രതിഷേധങ്ങൾക്കിടയിലും സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ ഇതുവരെ സജ്ജമായിട്ടില്ല, എങ്കിലും നിർദ്ദേശിച്ച മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള മാറ്റമാണ് ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചത്. എന്നാല്‍, പരിഷ്കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനകൾ സംയുക്ത സമരവും പ്രഖ്യാപിച്ചു.
അതേസമയം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നത്. ലൈസൻസ് നിസ്സാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.