അമ്മ- മക്കൾ ബന്ധം വാക്കുകൾക്കും വിവരണങ്ങൾക്കും അതീതമാണ്. കണ്ണൂരിൽ കഴിഞ്ഞ ദിവസം സംഭവിച്ച ഒരു മരണവും തുടർന്നു നടന്ന അന്ത്യകർമ്മങ്ങളും ആരുടെയും കണ്ണുനനയിക്കുന്ന ഒന്നായിമാറി. കണ്ണൂർ പൂപ്പറമ്പ് പൂവേൻവീട്ടിൽ സജന കാൻസർ ബാധിതയായി കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിന്നീട് നടക്കേണ്ട സജനയുടെ അന്ത്യ കർമ്മങ്ങൾ ചെയ്തത് സ്വന്തം മകനല്ല, മകന്റെ ഹൃദയമായിരുന്നു!!!
മകന്റെ ഹൃദയം സ്വീകരിച്ചയാൾ അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയ ആ നിമിഷം ചിതയല്ല എരിഞ്ഞത്. കണ്ടുനിന്ന ഓരോരുത്തരുടെയും ഹൃദയമായിരുന്നു!! വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായരാണ് ചിതയ്ക്ക് തീകൊളുത്തിയത്. സജനയ്ക്ക് 48 വയസ്സും അശോകിന് 44 വയസ്സും. പ്രായം കൊണ്ട് ചേരില്ലെങ്കിലും മനസ്സ് കൊണ്ട് ഒരു അമ്മ- മകൻ ബന്ധമായിരുന്നു ഇവർ തമ്മിൽ.
കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ ഷാജി- സജന ദമ്പതികളുടെ മകൻ വിഷ്ണുവിന് പരുക്കേറ്റിരുന്നു,പരുക്കേറ്റ വിഷ്ണുവിനായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച സമയത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ചിരുന്നു. മകന്റെ വേർപാടിൽ കുടുംബം തളർന്നെങ്കിലും വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിക്കുകയായിരുന്നു.
സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ കുടുംബത്തിന് ഒരു നിബന്ധന ഉണ്ടായിരുന്നു – സ്വീകർത്താക്കളെ നേരിൽ കാണണം എന്ന് മാത്രം. കുടുംബത്തിന്റെ ആഗ്രഹപ്രകാരം
വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച അശോക് വി.നായർ കുടംബത്തെ കണ്ടിരുന്നു. പിന്നീട് അശോക് ഇടയ്ക്കിടെ വിഷ്ണുവിന്റെ അമ്മ സജനയെ കാണാനെത്തി. ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി. കാൻസർ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം സജന ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ ഷാജിയുടെ അഭ്യർഥനപ്രകാരം അന്ത്യകർമം ചെയ്തത് അശോകായിരുന്നു.