വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിദ്യ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല.
വ്യാജരേഖാ കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായത്.