തൊഴിലെടുക്കുന്ന തൊഴിലാളികൾക്കായി ഒരു ദിനം! എല്ലാവര്‍ഷവും മെയ് 1നാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നത്.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്നീ ആവശ്യങ്ങള്‍ ത്യാഗനിര്‍ഭരമായ പോരാട്ടത്തിലൂടെ നേടിയെടുത്തതിന്റെ ഓര്‍മ ദിനമാണ് മെയ് ഒന്ന്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും ചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക കൂടിയാണ് തൊഴിലാളി ദിനം ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനും അവരുടെ പുരോഗതി കൈവരിക്കുന്നതിനുമുള്ള പ്രചോദനം നല്‍കുക എന്നതും ലക്ഷ്യമിടുന്നു. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിനമല്ല. വരാന്‍ പോകുന്ന ശക്തവും തീവ്രവുമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊര്‍ജ്ജം പകരുന്ന ദിനാചരണം കൂടിയാണ്.
തൊഴിലാളി ദിനത്തിന്റെ ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.
1884ലാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയനുകള്‍ തൊഴിലിടങ്ങളിലെ സമയം എട്ടു മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കുന്നത്. ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് 1886ല്‍ തൊഴിലാളികള്‍ സംഘടിച്ചു, സമരം ചെയ്തു. ഈ സമരത്തിന്റെ അനന്തരഫലമായി കലാപം പൊട്ടിപ്പുറപ്പെട്ടു.
പിന്നീട് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാവുകയും സംഘര്‍ഷം ഉണ്ടാവുകയുമാണ് ചെയ്തത്. ഹേമാര്‍ക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാര്‍ക്കറ്റ് കലാപം എന്നും ഈ സംഘര്‍ഷം അറിയപ്പെട്ടു. തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. രക്തച്ചൊരിച്ചിലുണ്ടായി. ഈ കലാപം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇളക്കി മറിച്ചു. ലോകത്തെ ഞെട്ടിച്ച ഈ കലാപം ആണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേയ്ക്ക് എത്തിച്ചത്. തൊഴിലാളി പ്രസ്ഥാനത്തെയും ഹേ മാര്‍ക്കറ്റ് സംഭവത്തെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായി അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് 1899ല്‍ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിക്കുന്നത്.