വന്ദേ ഭാരത് ട്രെയിനുകളുടെ നിറം മാറ്റാനുള്ള തീരുമാനമെടുക്കാൻ കാരണം ഇന്ത്യൻ പതാകയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ കോച്ചുകൾ പരിശോധിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വന്ദേഭാരതിന്റെ നിറം മാറ്റാൻ റെയിൽവെ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നതിനേത്തുടർന്ന് നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവെ മന്ത്രിയുടെ പ്രതികരണം.
നിലവിലുള്ള വെള്ളയും നീലയും ഉൾപ്പെട്ട നിറത്തിനുപകരം ഓറഞ്ച്-ചാര നിറത്തിലുള്ള ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവെയുടെ തീരുമാനം. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) 25 വന്ദേഭാരത് ട്രെയിനുകൾ ഇതിനോടകം നിർമ്മിച്ചുകഴിഞ്ഞു. രണ്ട് ട്രെയിനുകൾ ഉടൻ പുറത്തിറക്കും. ഇതിൽ 28-ാമത്തെ ട്രെയിനിനാണ് പരീക്ഷണാടിസ്ഥാനത്തിൽ പെയിന്റ് മാറ്റി അടിച്ചിരിക്കുന്നതെന്ന് ഐ.സി.എഫ് അധികൃതർ പറഞ്ഞു. പുതിയതായി തിരഞ്ഞെടുത്ത നിറങ്ങൾ ഒരു കോച്ചിന് പെയിന്റ് ചെയ്തിട്ടുണ്ട്. എഞ്ചിന് വെള്ളയും ഓറഞ്ചും ബാക്കി ബോഗികൾക്ക് ഓറഞ്ചും ചാരനിറവുമാണ് നൽകിയിരിക്കുന്നത്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ രൂപകല്പന ചെയ്തതാണ് ട്രെയിനുകൾ. ട്രെയിനിലെ സൗകര്യങ്ങളെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങൾ കണക്കിലെടുത്താണ് ഡിസൈനിൽ മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നതെന്നും നിലവിലെ സാങ്കേതിക പോരായ്മകൾ ഇനി നിർമ്മിക്കുന്നവയിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.