രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പേര് മാറ്റം വെറും അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പേര് മാറ്റുമെന്ന വിവാദം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കിൽ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ജി 20 ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കോൺഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നൽകിയ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം ശക്തിപ്പെടുകയാണ്. വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനം ഉയർത്തുകയും ചെയ്തിരുന്നു. അവയ്ക്ക് പുറമെയാണ് ഇപ്പോൾ കേന്ദ്രമന്ത്രി അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുന്നത്.