ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ രാമായണം വായിക്കണമെന്ന നിർദേശം ഗർഭിണികൾ നൽകിയിരിക്കുകയാണ് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. ആർ.എസ്.എസ് അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ ‘ഗർഭ സൻസ്കാർ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ഗ്രാമങ്ങളിൽ ഗർഭിണിയായ അമ്മമാർ രാമായണവും മഹാഭാരതവുമുൾപ്പടെയുള്ള മഹദ്ഗ്രന്ഥങ്ങളും മികച്ച കഥകളും വായിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഗർഭിണിയായ സ്ത്രീകൾ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം പഠിച്ചിരിക്കണം എന്നൊരു വിശ്വാസം ഉണ്ട്. അത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണെന്നും ഗർഭകാലത്ത് യോഗ ചെയ്യുന്നത് സാധാരണ പ്രസവത്തിന് സഹായകമാകുമെന്നും ഗവർണർ പറഞ്ഞു.
ഗർഭാവസ്ഥയിൽ ഇത്തരം ആത്മീയമായ സമീപനങ്ങൾ ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ജനനം ഉറപ്പുവരുത്തുമെന്നും അമ്മമാർ വായിക്കുന്നതും മനസിലാക്കുന്നതുമാണ് ജനിക്കാനിരിക്കുന്ന കുഞ്ഞും മനസിലാക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.