രോഗിയായ ഭാര്യയെ കാണാൻ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഏഴ് മണിക്കൂർ ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഈ സമയത്ത് മാധ്യമങ്ങളെ കാണണോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡൽഹി മദ്യ അഴിമതിക്കേസിൽ ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ് മനീഷ് സിസോദിയ. ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നീ അസുഖങ്ങൾ ബാധിച്ച ഭാര്യയെ കാണാൻ സിസോദിയ അനുമതി തേടിയിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.
മനീഷ് സിസോദിയയും രോഗിയായ ഭാര്യയും തമ്മിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ വീഡിയോ കോൾ ചെയ്യുന്നതിന് അനുവദിക്കണമെന്ന് ഹൈക്കോടതി തിഹാർ ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചിരുന്നു.