ഐ.പി.എല്‍ ചരിത്രത്തിലെ മൂന്നാം കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സൺസൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് വീഴ്ത്തിയാണ് കൽക്കത്ത ഐപിഎല്ലിലെ ആധിപത്യം ഉറപ്പിച്ചത്. പാറ്റ് കമിൻസിൻ്റെ തന്ത്രങ്ങളെ അനായാസം മറികടന്ന ശ്രേയസ് അയ്യരായിരുന്നു കളിയിലെ താരം.
ശ്രേയസിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ കിരീടപോരാട്ടത്തിൽ കണ്ടത്. നിരവധി അവഗണനകൾക്കും കുറ്റപ്പെടുത്തലുകൾക്കുമൊടുവിൽ താരമായി മാറിയിരിക്കുകയാണ് ശ്രേയസ്. ശ്രേയസിനെ ബിസിസിഐ ട്വൻറി20 ലോകകപ്പിൽ നിന്നും ബിസിസിഐയുടെ വാർഷിക കരാറിൽ ഒഴിവാക്കിയതിന് പിന്നാലെയാണ് ഐപിഎൽ കിരീടം നേടി ശ്രേയസ് ശക്‌തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ശ്രേയസിനെ മുംബൈ രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മാസങ്ങൾക്കു മുൻപ് പരുക്കിനേത്തുടർന്ന് രഞ്ജിയിൽ നിന്ന് മാറിനിന്ന ശ്രേയസിനെ ബിസിസിഐ ആവോളം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കളത്തിലിറങ്ങാൻ തയ്യാറാകാതിരുന്ന താരം ബിസിസിഐ കർശന നിലപാട് സ്വീകരിച്ചതോടെയാണ് കളിക്കാൻ ഇറങ്ങിയത്.
പരുക്കുമാറി തിരിച്ചെത്തുന്ന താരം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുക്കണമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. വേദനയുണ്ടെന്ന് പറഞ്ഞ് മാറി നിൽക്കാൻ ശ്രമിച്ചതോടെ ശ്രേയസിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ചു. താരത്തിന്റെ ഫിറ്റ്നസിൽ പ്രശ്നമൊന്നുമില്ലെന്നാണ് അക്കാദമിയിൽ നിന്ന് റിപ്പോർട്ടും നൽകി. തുടർന്ന് ശ്രേയസിനെ ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കി. മാത്രമല്ല, ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്നും ബിസിസിഐ താരത്തെ മാറ്റിനിർത്തിയിരുന്നു. ഏകദിന ലോകകപ്പിൽ കളിച്ച, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന താരത്തെയാണ് ബിസിസിഐ ഒഴിവാക്കിയത്.
എന്നാൽ ഇപ്പോൾ ഐപിഎല്ലിൽ 20 പോയിന്റുമായി പ്ലേ ഓഫിലെത്തിയ ശ്രേയസിന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്‌സിനെ തോൽപിച്ച് അനായാസം ഫൈനലിലെത്തി. ഇപ്പോൾ ഹൈദരാബാദിനെതിരെ സമ്പൂർണ ആധിപത്യവുമായി മൂന്നാം കിരീടവും സ്വന്തമാക്കി. ഇതോടെ തന്നെ തഴഞ്ഞവർക്കും കുറ്റപ്പെടുത്തിയവർക്കും മുന്നിൽ ഹീറോയായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യർ.